
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസിൽ കേരള ബാങ്ക് നാലാം സ്ഥാനത്തെത്തി. 2026 ജൂൺ മാസത്തിലെ എസ്.എൽ.ബി.സി കണക്കുകൾ പ്രകാരം നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്ക് ഇപ്പോൾ നാലാം സ്ഥാനത്തേക്ക് ഉയർന്നതായി ബാങ്ക് അറിയിച്ചു.
2026 മാർച്ച് 31-ന് കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി ഉയർന്നു. ബാങ്ക് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ബിസിനസ് വളർച്ചയായ 7,700 കോടി രൂപയുടെ വർധന 2025-26 സാമ്പത്തിക വർഷത്തിലാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മൊത്തം ബാങ്കിംഗ് ബിസിനസിന്റെ 7 ശതമാനം മാർക്കറ്റ് ഷെയറും കേരള ബാങ്കിനുണ്ട്.
കേരള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ്, Merchant Acquisition (QR Code) സേവനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 22-ന് എറണാകുളം അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. തുടർന്ന് ബാങ്കിന്റെ വാർഷിക പൊതുയോഗവും നടക്കും.
ബാങ്കിന്റെ എല്ലാ ഇടപാടുകാർക്കും, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS) ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾക്കും പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബാങ്ക് അറിയിച്ചു.




