
തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ പുതിയ വഴിത്തിരിവ്.
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ‘കേരള സ്റ്റേറ്റ് 13’ ബോർഡും ദേശീയ ചിഹ്നവും പതിച്ച് യാത്ര ചെയ്തത് വിവാദമായതിന് പിന്നാലെ, ഇത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന 2015ലെ സർക്കാർ ഉത്തരവ് പുറത്തുവന്നു.
1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസ് റൂൾ 92A പ്രകാരം സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക പദവി, ബോർഡുകൾ, ചിഹ്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് ചട്ടം. സർക്കാരിൽ നിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ട വാഹനങ്ങളിൽ മാത്രമേ ഔദ്യോഗിക ബോർഡ് വെക്കാൻ അനുവാദമുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
2019ൽ നിയമസഭയിൽ പി.ടി.എ റഹീം എം.എൽ.എയുടെ ചോദ്യത്തിന് അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് ഈ ഉത്തരവ് രേഖയായി ഉള്ളത്.
അതേസമയം, ‘സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല, കൃത്യമായ അനുമതി വാങ്ങിയാണ് ഉപയോഗിച്ചത്. എം.എൽ.എ പോലും അല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്’ എന്നാണ് മന്ത്രിയുടെ വാദം. ഔദ്യോഗിക വാഹനം തകരാറിലായതിനാൽ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ അനുമതിയോടെയാണ് ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ അതുൽ ടോം ഗതാഗത കമ്മീഷണർക്കും സർക്കാരിനും പരാതി നൽകി. കാസർകോട് യാത്രയിൽ മുസ്ലിം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാറും അനുമതിയില്ലാതെ ഔദ്യോഗിക ബോർഡ് വെച്ച് ഉപയോഗിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
റേഞ്ച് റോവർ കാർ മന്ത്രി ഉടമയ്ക്ക് തിരിച്ചു നൽകിയെങ്കിലും നിയമപരമായ കുരുക്ക് തുടരുകയാണ്.





