
തിരുവനന്തപുരം : നെടുമങ്ങാട് രാത്രി കാറില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളെ ആക്രമിക്കുകയും ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.ചുള്ളിമാനൂർ സ്വദേശി എസ് ഷമീർ (37), ആനാട് മെത്തോട് സ്വദേശി ആർ ഷംനാദ് (38) എന്നിവരാണ് അറസ്റ്റിലായത്. പനവൂർ സ്വദേശികളായ ഷാജഹാൻ, ഭാര്യ സബീന, ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാൻ ശ്രമിച്ച കരിക്കുഴി മീന്നിലം സ്വദേശികളായ മുഹമ്മദ് നിഷാദ്, ഷബിൻ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിരുവോണ രാത്രിയില്‍ ആനാട് പഞ്ചായത്തിലെ മൂഴിയിലാണ് സംഭവം.പുത്തൻപാലം- പനവൂർ റോഡുവഴി കാറില്‍ വീട്ടിലേക്കുപോയ ദമ്പതികളായ ഷാജഹാനും സബീനയും മൂഴിയില്‍ എത്തിയപ്പോള്‍ ഷമീറും ഷംനാദും കാർ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഭർത്താവ് ഷാജഹാനെ ആക്രമിച്ചു. അതിക്രമം നടക്കുമ്പോള്‍ ബൈക്കില്‍ മൂഴിയിലേക്ക് വരികയായിരുന്ന നിഷാദും ഷബിനും ഇത് ചോദ്യംചെയ്തതോടെ ഇവരെയും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ റോഡരികില്‍ കിടന്ന കല്ലുകളെടുത്ത് നാലുപേരെയും ആക്രമിക്കുകയായിരുന്നു. നിഷാദിന്റെ നെറ്റിയിലും ഷബിന്റെ പിൻകഴുത്തിലും ആഴത്തില്‍ മുറിവേറ്റു. മർദനത്തില്‍ ഷാജഹാനും സബീനയ്ക്കും പരിക്കേറ്റു. ദമ്പതികളുടെയും ബൈക്ക് യാത്രികരുടെയും പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഒളിവില്‍പ്പോയ പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.




