തിരുവനന്തപുരം: ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകാൻ കാരണമായ സാഹചര്യങ്ങൾ വിശദീകരിച്ച് പരാതിക്കാരൻ. തച്ചങ്കരി തങ്ങളോട് ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്റെ പിതാവ് അന്നത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാത്രമാണ് തങ്ങൾക്കൊപ്പം നിന്നതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് തച്ചങ്കരി വിളിപ്പിച്ച സമയത്ത് കെ.ആർ. ഗൗരിയമ്മ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം പറഞ്ഞു. തച്ചങ്കരിയെ ഗൗരിയമ്മ ചോദ്യം ചെയ്ത സംഭവവും പരാതിക്കാരൻ ഓർത്തെടുത്തു.
വിജിലൻസിൽ നിന്ന് തുടക്കത്തിൽ പരാതിക്ക് തൃപ്തികരമായ പ്രതികരണം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന കാലത്തെ ചില അനധികൃത ഇടപെടലുകളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അത് അന്നത്തെ വിജിലൻസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പരാതിക്കാരൻ പറഞ്ഞു.

എന്നാൽ, വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷം തന്നെ അവിടെനിന്ന് മാറ്റിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തുടർന്ന് അടുത്ത ദിവസം കോടതിയെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ജസ്റ്റിസ് കെമാൽ പാഷ കേസ് പരിഗണിച്ച സമയത്ത്, പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി വിജിലൻസിനോട് ചോദിച്ചിരുന്നുവെന്നും നടപടികൾ പുരോഗമിക്കുകയാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരൻ വ്യക്തമാക്കി.


