
തിരുവനന്തപുരം: കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസറും ഡീനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഇന്ന് (24/06/2026) ചുമതലയേറ്റു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ കൗൺസിൽ ആസ്ഥാനത്ത് എത്തി സർക്കാർ പ്രതിനിധികളുടെയും കൗൺസിൽ ജീവനക്കാരുടെയും സാനിധ്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ഡോ. അച്യുത് ശങ്കർ ചുമതലയേൽക്കുന്ന സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനുമായി അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും കൗൺസിൽ ആസ്ഥാനത്തു എത്തിയിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ തന്റെ അധ്യാപന-ഭരണരംഗത്തെ ദീർഘകാല പരിചയസമ്പത്ത് പൂർണ്ണമായി വിനിയോഗിക്കുമെന്ന് അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി.
കേരള സർവകലാശാലയിലെ ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മുൻ പ്രൊഫസറും മേധാവിയും ആയിരുന്ന ഡോ. അച്യുത്ശങ്കർ വിവിധ ശാസ്ത്ര-കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതൻ, അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ദ്ധൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സ്ഥാപന നിർമ്മാതാവ്, സംഗീതജ്ഞൻ, പൈതൃക-പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. 2001 മുതൽ 2004 വരെ കേരള സർക്കാരിന്റെ സി-ഡിറ്റ് (C-DIT) ഡയറക്ടറായിരുന്ന അദ്ദേഹം, സർക്കാരിന്റെ നിരവധി വിവരസാങ്കേതിക വികസന പദ്ധതികൾക്ക് നേതൃത്വം നൽകി. കേരള സർവകലാശാലയിൽ ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ് സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ബയോ ഇൻഫോർമാറ്റിക്സ്, ഹോൾ ജീനോം സ്വീക്വൻസിങ്, ആയുർ-ഇൻഫോർമാറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ. കൂടാതെ ദക്ഷിണ കൊറിയയിലെ യൂണിവേഴ്സിറ്റി ഓഫ് കൊറിയ, മലേഷ്യയിലെ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി കാമ്പസ്, ജപ്പാനിലെ ഡെയ്തോ ബൂങ്ക യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ, ഇന്റർനാഷണൽ അക്കാദമിക്സ് ഡയറക്ടർ, യൂണിവേഴ്സിറ്റി സ്റ്റാർട്ടപ്പ് സെന്റർ ഡയറക്ടർ എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കേരള സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡീൻ പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) സിൻഡിക്കേറ്റ് അംഗം, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സർവകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം.
വിദ്യാർത്ഥികളോടൊപ്പം എഴുതിയ ഗവേഷണ പ്രബന്ധങ്ങൾക്കും ശാസ്ത്ര ലേഖനങ്ങൾക്കും പുറമേ, ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലധികം പുസ്തകങ്ങൾ ഡോ. അച്യുത്ശങ്കർ രചിച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമി, ചെന്നൈയിലെ കലാക്ഷേത്ര, ബാംഗ്ലൂരിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് എന്നിവിടങ്ങളിൽ അദ്ദേഹം സംഗീതത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ബൗദ്ധിക ചർച്ചകൾക്കൊപ്പം സംഗീതവും ചേർത്തുള്ള “സംഗീതസല്ലാപം” എന്ന പരിപാടി ജനപ്രിയമാക്കിയത് അദ്ദേഹമാണ്.
കേരള സർക്കാരിന്റെ യുവശാസ്ത്രജ്ഞ പുരസ്കാരം (1991), ഐ.എസ്.ടി.ഇ-യുടെ എഞ്ചിനീയറിംഗ് അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം (1994), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ (INSA) ദേശീയ അധ്യാപക പുരസ്കാരം (2013), സാമൂഹിക സേവന മികവിനുള്ള വക്കം മൗലവി ഫൗണ്ടേഷൻ പുരസ്കാരം (2014), പി.ടി ഭാസ്കരപ്പണിക്കർ അവാർഡ് (2019), കേരള സർവകലാശാലയുടെ എക്സലൻസ് അവാർഡ് (2021), മാർ ഗ്രിഗോറിയോസ് ഗുരുശ്രേഷ്ഠ അവാർഡ് (2023) എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മികച്ച ഒരു ശാസ്ത്ര എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ബയോഇൻഫോർമാറ്റിക്സ്, മൈക്രോഹിസ്റ്ററി (സൂക്ഷ്മചരിത്രം), കർണാടക സംഗീതം തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു. ബയോ-സീക്വൻസ് അനാലിസിസ് (bio-sequence analysis) രംഗത്ത് ജീൻ പ്രവചനം (gene prediction), പാറ്റേൺ റെക്കഗ്നിഷൻ (pattern recognition), ഡാറ്റാ കംപ്രഷൻ (data compression) എന്നിവയുൾപ്പെടെയുള്ള മേഖലകളിലാണ് അച്യുത്ശങ്കർ തന്റെ ഗവേഷണ സംഭാവനകൾ നൽകിയിട്ടുള്ളത്.
തിരുവനന്തപുരത്തെ വഞ്ചിയൂരിൽ ജനിച്ച ഡോ. അച്യുത്ശങ്കർ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും കേരള സർവ്വകലാശാലയുടെ മുൻ പ്രോ-വൈസ് ചാൻസലറുമായിരുന്ന ഡോ. എ. സുകുമാരൻ നായരുടെയും, സ്കൂൾ അധ്യാപികയായിരുന്ന കോമളം എസ്. നായരുടെയും മകനാണ്.
വഞ്ചിയൂർ യു.പി.എസ് ഗവൺമെന്റ് മോഡൽ ഹൈസ്കൂൾ, എസ്.എം.വി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ഹയർ സെക്കൻഡറി പഠനം ഗവൺമെന്റ് ആർട്സ് കോളേജിൽ പൂർത്തിയാക്കി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി) നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെകും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ (ഐ.ഐ.ടി ബോംബെ) നിന്ന് എം.ടെകും നേടി. പിന്നീട് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസ്സിംഗിൽ എം.ഫിലും, കേരള സർവ്വകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിലും സംഗീതത്തിലുമായി രണ്ട് ഡോക്ടറേറ്റ് ബിരുദങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. അച്യുത്ശങ്കറിന്റെ ഭാര്യ ഹേമ രാമചന്ദ്രൻ എഞ്ചിനീയറിംഗ് അധ്യാപികയായിരുന്നു. മകൾ ഗായത്രി എം.എഡ് വിദ്യാർത്ഥിനിയും, മകൻ ആദിത്യ ബി.എഡ് വിദ്യാർത്ഥിയും ഒരു സ്റ്റാർട്ടപ്പ് സ്ഥാപകനുമാണ്.


