
ന്യൂഡൽഹി: ദ ടെലഗ്രാഫിന്റെ മുൻ എഡിറ്റർ യുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംപി. ഭരണകൂടത്തെ വിമർശിക്കുന്നവരെയും ജനാധിപത്യത്തിനുവേണ്ടി ശബ്ദമുയർത്തുന്നവരെയും നിശ്ശബ്ദരാക്കാനുള്ള അപകടകരമായ നീക്കമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്ത്യ കണ്ട മികച്ച പത്രാധിപരിലൊരാളായ രാജഗോപാൽ, മോദി സർക്കാരിനെ ശക്തമായി വിമർശിക്കുകയും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മാധ്യമപ്രവർത്തകനാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അത്തരമൊരു വ്യക്തിയെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി പൗരത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്നത് ജനാധിപത്യത്തിന് മേലുള്ള ഗുരുതരമായ ആക്രമണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നടന്ന പ്രത്യേക വോട്ടർ പട്ടിക പരിശോധനയ്ക്കിടെയാണ് രാജഗോപാലിന്റെ പേര് നീക്കം ചെയ്യപ്പെട്ടതെന്നാണ് ആരോപണം. സംഭവത്തിൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിട്ടുള്ള രാജഗോപാലിന് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസം കാരണം അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇത് ഒരു രാജഗോപാലിന്റെ മാത്രം പ്രശ്നമല്ല. ഭരണകൂടത്തെ വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും ജനാധിപത്യ അവകാശങ്ങളിൽ നിന്ന് പോലും പുറത്താക്കാൻ മടിക്കാത്ത രാഷ്ട്രീയത്തിന്റെ അപകടകരമായ മുഖമാണിത്. ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ രാജ്യം ശക്തമായി പ്രതികരിക്കണം. രാജഗോപാലിനൊപ്പം നിൽക്കുന്നത് ഒരു വ്യക്തിക്കൊപ്പമല്ല, ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഒപ്പമാണ്,” എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.


