തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ശിശുക്ഷേമ സമിതിയിൽ ആധിപത്യം നിലനിർത്താൻ സിപിഎം നീക്കം. നിലവിലെ ഭരണസമിതിയെ സർക്കാർ പിരിച്ചുവിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനുമുള്ള സാധ്യത മുന്നിൽക്കണ്ടാണ് പാർട്ടി തിരക്കിട്ട് പുതിയ അംഗങ്ങളെ ചേർക്കുന്നത്. സംസ്ഥാന സമിതിയിലേക്ക് പുതുതായി 300 പേർക്കാണ് അംഗത്വം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു ജില്ലയിൽ നിന്ന് 25 പേർക്ക് വീതമാണ് സംസ്ഥാന സമിതിയിൽ പ്രവേശനം നൽകുക. സിപിഎം ജില്ലാ കമ്മിറ്റികൾ മുഖേന പാർട്ടിയുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. രണ്ടായിരം രൂപയാണ് അംഗത്വ ഫീസ്. എൽഡിഎഫ് ഭരണകാലത്ത് ആർക്കും പുതിയ അംഗത്വം നൽകാതിരുന്ന ഭരണസമിതിയാണ് യുഡിഎഫ് വന്നയുടൻ ധൃതിപിടിച്ച് ഈ നീക്കം നടത്തുന്നത്. ഇതിനായി ജനറൽ സെക്രട്ടറി സിപിഎം ജില്ലാ കമ്മിറ്റികൾക്ക് അടിയന്തര സർക്കുലർ നൽകിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ബാലസംഘത്തിന്റെ ഭാരവാഹികളാണ് ശിശുക്ഷേമ സമിതിയുടെ ജില്ലാ തലങ്ങളെ നിയന്ത്രിക്കുന്നത്.
മുൻപ് സുശീല ഗോപാലൻ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്താണ് ശിശുക്ഷേമ സമിതിയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പിരിച്ചുവിട്ടത്. എന്നാൽ അതിനുശേഷം ജില്ലാ തലത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അന്ന് മുതൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സമിതികളാണ് ഭരണം നടത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുസ്ലിം ലീഗ് വകുപ്പ് ഭരിച്ചപ്പോഴും ഇതിൽ മാറ്റമുണ്ടായിരുന്നില്ല. നിലവിൽ വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണയാണ് ഈ ചുമതല വഹിക്കുന്നത്. അതിനാൽ സമിതിക്കെതിരെ നടപടികൾ ഉണ്ടാകുകയോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്താൽ അതിനെ പ്രതിരോധിക്കുകയാണ് പുതിയ അംഗങ്ങളെ ചേർക്കുന്നതിലൂടെ സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനിടെ, നിലവിലെ ശിശുക്ഷേമ സമിതിക്കെതിരെ വനിതാ ശിശുവികസന മുൻ സെക്രട്ടറി ബിജു ഭാസ്കർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും നിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ്. സമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
Kerala


