
വട്ടവട: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ അമ്മൻകോവിലിന് സമീപമാണ് ദാരുണമായ അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണനും സഹോദരിയുമാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. മണ്ണിടിച്ചിലിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.




