വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ
* പ്രിയദർശിനി പദ്ധതി നിർത്തുമെന്നത് സിപിഎം പ്രചാരണം
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി ജോൺ. യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി യാതൊരു കാരണവശാലും നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ യുഡിഎഫ് സർക്കാരാണല്ലോ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി തുടങ്ങിയത്. ചിലരുടെ പ്രസ്താവന വേറെ ആരോ തുടങ്ങിയ പ്രിയദർശിനി പദ്ധതി ഈ സർക്കാർ നിർത്താൻ പോകുന്നു എന്ന മട്ടിലാണ്. പ്രിയദർശിനി പദ്ധതി യുഡിഎഫ് സർക്കാരിന്റെ ഏറ്റവും പ്രസ്റ്റീജിയസ് ആയ ഒരു ഫ്ളാഗ്ഷിപ് പ്രോഗ്രാമാണ്. പദ്ധതി ഇനിയും മുന്നോട്ടുപോകും. ചില സിപിഎം നേതാക്കൾ ഈ പദ്ധതി നിർത്താനുള്ള പരിപാടിയാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു സംശയവും ആർക്കും വേണ്ട, പ്രിയദർശിനി പൂർവാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഒരു സ്ത്രീ യാത്രക്കാരോടും വിവേചനമില്ലാതെയാണ് സൗജന്യ ടിക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ പ്രായംകൂടിയവരെന്നോ കുറഞ്ഞവരെന്നോ ഉള്ള ഒരു വിവേചനവും ഇല്ല. ഏതൊരു സ്ത്രീക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവകാശമാണിത്. തന്റെയോ ഗവൺമെന്റിന്റെയോ ഔദാര്യമല്ല. അത്തരത്തിലുള്ള യാതൊരു ധാരണയും ഐക്യജനാധിപത്യ മുന്നണി സർക്കാരിനുമില്ല. പ്രിയദർശിനി പദ്ധതി ഈ സർക്കാരിന്റെ ശിശുവാണ്. അതിനെ നല്ല രീതിയിൽ വളർത്തി മുന്നോട്ടുകൊണ്ടുപോവുക എന്നത് ഉത്തരവാദിത്വമാണ്. യാത്രാ സൗജന്യം ലഭിക്കുകയെന്നത് അതിന്റെ ഉപഭോക്താക്കളുടെ അവകാശമാണ്’ – മന്ത്രി പറഞ്ഞു.
‘കഴിഞ്ഞ ദിവസം വളരെ കാഷ്വലായി പറഞ്ഞ കാര്യമാണ് വലിയ വിവാദമായത്. പത്രക്കാരൊന്നും ഇല്ലാതിരുന്ന ഒരു ചെറിയ മീറ്റിങ് ആയിരുന്നു. അവിടെ പറയേണ്ടതില്ലായിരുന്ന ചില കാര്യങ്ങൾ പറഞ്ഞുപോയി. അത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകും. അത് പറയാൻ പാടില്ലാത്തത് തന്നെയായിരുന്നു. തീർച്ചയായും താൻ ശ്രദ്ധിക്കേണ്ടതായിരുന്നു. അതിന്റെ പേരിൽ പ്രതിഷേധവും വിമർശനവുമൊക്കെ വന്നതിൽ തനിക്ക് യാതൊരു ഈഗോയും ഇല്ല. മന്ത്രിമാർക്ക് പ്രിവിലേജ് ഉള്ളതുപോലെ വിമർശനം ഏറ്റുവാങ്ങാനുള്ള കടമയും ഉണ്ട്. അത് ഉൾക്കൊണ്ടേ പറ്റൂ. ഖേദം പ്രകടിപ്പിക്കുന്നതിനൊന്നും തനിക്ക് വിഷമമില്ല. തന്റെ പരാമർശത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ഔദ്യോഗികമായി തന്നെ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സി.പി ജോൺ അറിയിച്ചു.
കേരളത്തിൽ നല്ല ദാരിദ്ര്യമുണ്ട് എന്നതാണ് താൻ പറഞ്ഞതിലെ പൊളിറ്റിക്കൽ പോയിന്റ്. ദാരിദ്ര്യം ഇല്ലാതായി എന്ന ചില പ്രസ്താവനകൾ നേരത്തെ വന്നുവല്ലോ. അത് ശരിയല്ല. വളരെ കടുത്ത ദാരിദ്ര്യം ഇപ്പോഴുമുണ്ട്. അത് പരിഹരിക്കാനാണല്ലോ സർക്കാർ. ദാരിദ്ര്യം ലഘൂകരിക്കപെടാൻ പ്രിയദർശിനി ഉപയോഗപ്പെട്ടിട്ടുണ്ട്. പതിനായിരം രൂപ ശമ്പളം കിട്ടുന്ന ഒരു സ്ത്രീക്ക് രണ്ടായിരമോ മൂവായിരമോ രൂപ മിച്ചം ലഭിക്കുന്നത് ഒരു വലിയ നേട്ടമാണ്. അതുകൊണ്ട് ഈ പദ്ധതി തുടർന്ന് കൊണ്ടുപോകും. അപ്പോഴും ചിലര് പറയുന്നത് നിർത്താനുള്ള തുടക്കമാണെന്ന്. ഈ പദ്ധതി നിർത്താനേ പോകുന്നില്ല. ഭംഗിയായി മുന്നോട്ടുപോകും’ – മന്ത്രി ഉറപ്പു നൽകി.
പ്രിയദർശിനി പദ്ധതി കെഎസ്ആർടിസിക്ക് ഒരു ഭാരമേയല്ല. സർക്കാർ പദ്ധതിയാണ്. ജൂൺ മാസത്തിൽ 15 ദിവസമാണ് പ്രിയദർശിനി പദ്ധതി ഉണ്ടായിരുന്നത്. അത്രയും ദിവസത്തെ 40 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. നേരത്തെയുണ്ടായിരുന്ന കളക്ഷൻ കുറവ് വരാത്ത രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകണം. ബസുകളിൽ അധികം യാത്രക്കാരുണ്ടാകുന്നത് പ്രശ്നമാക്കേണ്ട. കയറാൻ വരുന്ന സ്ത്രീകളോട് നിങ്ങൾ കയറരുത് എന്ന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പറയാനാകുമോ. ബസുകൾ വർധിപ്പിക്കുകയെന്നതല്ലാതെ തിരക്ക് കുറയ്ക്കാൻ മറ്റൊരു പരിഹാരമില്ല. വയനാട് ചുരം കയറുന്ന ബസുകൾക്ക് കൂടുതൽ യാത്രക്കാരെ വഹിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. പഴയ ബസുകളല്ലേ കൂടുതലും. തിങ്ങി നിറഞ്ഞ യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് അവിടെ വലിയൊരു അപകടം ഒഴിവായത്. യാത്രക്കാരുടെ തിരക്കിന്റെ പശ്ചാത്തലത്തിൽ അവിടെ ഒരു ബസ് കൂടി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

